ഡൽഹി സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പരാജയ നിരക്ക് ഗണ്യമായി വർധിച്ചു

Anjana

ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പരാജയ നിരക്ക് ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഒരു ലക്ഷത്തിലേറെ കുട്ടികൾ പരാജയപ്പെട്ടു. മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ് ഇതിൽ രേഖപ്പെടുത്തിയത്. എട്ടാം ക്ലാസിലും 11-ാം ക്ലാസിലും യഥാക്രമം 46,622 പേരും 51,914 പേരും പരീക്ഷയിൽ വിജയിച്ചില്ല.

2023-ലെ പരീക്ഷയിൽ ഒൻപതാം ക്ലാസിൽ 88,409 പേരും 11-ാം ക്ലാസിൽ 54,755 പേരും പരാജയപ്പെട്ടു. 2022-ൽ ഈ സംഖ്യ യഥാക്രമം 28,531-ഉം 7,246-ഉം ആയിരുന്നു. 2021-ൽ ഒൻപതാം ക്ലാസിൽ 31,540 പേരും 11-ാം ക്ലാസിൽ 2,169 പേരും തോറ്റിരുന്നു. ഈ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പുറത്തുവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെ വാർഷിക പരീക്ഷകളില്ലാതെ സ്വയമേ സ്ഥാനക്കയറ്റം നൽകുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ പാർലമെൻറ് പാസാക്കിയ പുതിയ നിയമം ഈ ‘നോ ഡിറ്റൻഷൻ’ സമ്പ്രദായം അസാധുവാക്കി. 2022 മുതൽ ഡൽഹിയിൽ സ്വയമേ സ്ഥാനക്കയറ്റം നൽകുന്നത് അവസാനിപ്പിച്ചു. നിലവിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഓരോ വിഷയത്തിലും 33 ശതമാനം മാർക്കും, മിഡ് ടേം, വാർഷിക പരീക്ഷകളിൽ 25 ശതമാനം വീതമെങ്കിലും മാർക്ക് നേടിയാലേ ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂ. പരാജയപ്പെട്ടവർക്ക് പുനഃപരീക്ഷയ്ക്ക് അവസരമുണ്ടെങ്കിലും, ഉയർന്ന പരാജയ നിരക്ക് ഡൽഹിയിലെ സ്കൂളുകളിലെ അധ്യാപന രീതികളെയും ഗുണനിലവാരത്തെയും കുറിച്ച് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.