പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്ന് സാധനങ്ങളുടെ മൂല്യം അളക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ 14-ന് നിലവറകൾ തുറക്കുമെന്ന് ഒഡിഷ സർക്കാർ രൂപീകരിച്ച ഉന്നതതല സമിതി തീരുമാനിച്ചു. 1978-ൽ ആണ് അവസാനമായി ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്ന് കണക്കെടുത്തത്. 2018-ൽ അറ തുറക്കാൻ ശ്രമിച്ചെങ്കിലും താക്കോൽ മാറിപ്പോയതിനാൽ നടന്നില്ല.
രത്ന ഭണ്ഡാരത്തിൽ മൂന്ന് അറകളിലായാണ് മൂല്യമേറിയ ആഭരണങ്ങളും രത്നങ്ങളും സൂക്ഷിച്ചിരിക്കുന്നത്. ഭിടാർ ഭണ്ഡാർ എന്ന ആദ്യത്തെ അറയിലെ ആഭരണങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല. രണ്ടാമത്തെ അറയിലെ ആഭരണങ്ങൾ വിശേഷ ദിവസങ്ങളിലും ഉത്സവ സമയത്തും ഉപയോഗിക്കുന്നു. ബഹർ ഭണ്ഡാർ എന്ന മൂന്നാമത്തെ അറയിലുള്ളവ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
നിലവറകൾ തുറക്കാൻ പോകുന്ന ചെറു സംഘം പ്രത്യേക നടപടിക്രമങ്ങൾ പാലിക്കും. അവർ ദേവപ്രതിഷ്ഠയ്ക്ക് മുന്നിൽ പ്രാർത്ഥന നടത്തുകയും, കാണുന്നതിനെ കുറിച്ച് പുറത്ത് പറയില്ലെന്ന് സത്യം ചെയ്യുകയും ചെയ്യും. കുളിച്ച ശേഷം ഒറ്റമുണ്ട് മാത്രം അണിഞ്ഞാണ് അവർ അകത്തേക്ക് പ്രവേശിക്കുക. നാഗങ്ങളും ദിവ്യ ആത്മാക്കളും അറകൾക്ക് കാവൽ നിൽക്കുന്നുവെന്നാണ് വിശ്വാസം. കണക്കെടുപ്പ് സമയത്ത് ക്ഷേത്രത്തിൽ ഭക്തർക്ക് പതിവ് പോലെ ദർശനം നടത്താനും സാധിക്കും.