പത്തനംതിട്ടയിൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിപിഐഎമ്മും എക്സൈസും തമ്മിൽ വാക്പോര് നടക്കുന്നു. സിപിഐഎമ്മിൽ പുതുതായി ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയെന്ന സിപിഐഎം ആരോപണം എക്സൈസ് തള്ളിക്കളഞ്ഞു. മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്റെ കൈവശം നിന്ന് കഞ്ചാവും അനുബന്ധ ഉപകരണങ്ങളും പിടികൂടിയതായി എക്സൈസ് വ്യക്തമാക്കി.
എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പരിശോധനയിലൂടെ യദുകൃഷ്ണനെ പിടികൂടിയത്. യുവമോർച്ച നേതാവ് മാജിക് കണ്ണനും എക്സൈസ് ഓഫീസർ അസീസും ചേർന്ന് കള്ളക്കേസ് ചമച്ചതാണെന്ന സിപിഐഎം ഏരിയ സെക്രട്ടറി എം വി സഞ്ജുവിന്റെ ആരോപണം എക്സൈസ് നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എക്സൈസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എന്നാൽ, തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് യദുകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്. കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യദുകൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും ഉൾപ്പെടെ 62 പേർ സിപിഐഎമ്മിൽ ചേർന്നിരുന്നു.