പത്തനംതിട്ടയിൽ കഞ്ചാവുമായി പിടിയിലായ യുവാവിന്റെ സംഭവത്തിൽ സിപിഐഎം ഏരിയ സെക്രട്ടറി എം വി സഞ്ജു വിശദീകരണം നൽകി. യദുകൃഷ്ണൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നും ഇത് എക്സൈസിലെ ഒരു ഉദ്യോഗസ്ഥനും യുവമോർച്ച പ്രാദേശിക നേതാവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സഞ്ജു പറഞ്ഞു. യുവമോർച്ച നേതാവ് മാജിക് കണ്ണനും, എക്സൈസ് ഓഫീസർ അസീസും ആണ് ഗൂഢാലോചനക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കൽ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കേസ് എടുത്ത എക്സൈസ് പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. സിപിഐഎം പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് എംവി സഞ്ജു നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഐഎമ്മിൽ ചേർന്നത്.
പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവർത്തകരായിരുന്നവരാണ് സിപിഐഎമ്മിൽ ചേർന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവർ സിപിഐഎമ്മിൽ ചേർന്നത്.