ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് അസാധാരണമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. സമ്മാനത്തുകയായി തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്നും മറ്റ് പരിശീലകർക്ക് നൽകിയ 2.5 കോടി രൂപ മതിയെന്നുമാണ് ദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടത്. ഈ നിലപാട് ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.
ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്ടൈംസ് റിപ്പോര്ട്ട് ചെയ്തതനുസരിച്ച്, ബിസിസിഐ വൃത്തങ്ങൾ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിൽ ദ്രാവിഡിനൊപ്പം ബൗളിംഗ് കോച്ചായി പരാസ് മാംബ്രെ, ഫീല്ഡിംഗ് പരിശീലകനായി ടി ദിലീപ്, ബാറ്റിംഗ് കോച്ചായി വിക്രം റാത്തോഡ് എന്നിവരുമുണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന് സ്ക്വാഡിലെ 15 താരങ്ങൾക്കും മുഖ്യ പരിശീലകന് രാഹുല് ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നൽകാനായിരുന്നു ബിസിസിഐ ആദ്യം പദ്ധതിയിട്ടിരുന്നത്.
മറ്റ് സപ്പോര്ട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 2.5 കോടി രൂപ വീതവും സെലക്ടര്മാര്ക്കും ടീമിനൊപ്പമുണ്ടായിരുന്ന ട്രാവലിംഗ് മെമ്പേഴ്സിനും ഒരു കോടി രൂപ വീതവും സമ്മാനിക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു. ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുകയും ചെയ്തു. മുൻ ഓപ്പണർ ഗൗതം ഗംഭീറാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകുന്നത്.