തിരുവനന്തപുരം നെയ്യാറ്റിന്കരയിലെ സ്വകാര്യ കെയര് ഹോമില് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കാന് നിര്ദേശം നല്കി. ജില്ലാ മെഡിക്കല് ഓഫീസറുടെ നേതൃത്വത്തില് സ്ഥലത്ത് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല് ഡയറക്ടര് സ്ഥലം സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്പ്പെടെയുള്ള സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൂടുതല് രോഗികള് എത്തുന്നുണ്ടെങ്കില് ഐരാണിമുട്ടത്തെ ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയര് ഹോമിലുള്ള ചിലര് വീടുകളില് പോയതിനാല് അവരെ കണ്ടെത്തി നിരീക്ഷിക്കും. സ്ഥാപനത്തിന്റെ സ്കൂളിലെ ചില കുട്ടികള്ക്ക് കോളറ ലക്ഷണങ്ങള് കണ്ടതിനാല് അവര്ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്കൂളിലും പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കി.
കോളറ വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്ക രോഗമാണ്. മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് സാധാരണയായി കോളറ പടരുന്നത്. പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള വയറിളക്കമാണ് പ്രധാന രോഗ ലക്ഷണം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില് പെട്ടെന്ന് രോഗം ഗുരുതരമാകും. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ഭക്ഷണം നന്നായി വേവിക്കുക, കൈകള് സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.