അസമിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 72 ആയി ഉയർന്നു. ഏകദേശം 24 ലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയോദ്യാനത്തിൽ 130 വന്യമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചു, അതിൽ ആറ് കാണ്ടാമൃഗങ്ങളും ഉൾപ്പെടുന്നു.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, മരിച്ച വന്യജീവികളിൽ ഭൂരിഭാഗവും മുങ്ങിമരിച്ചവയാണ്. 117 ഹോഗ് മാനുകൾ, 2 സാമ്പാർ മാൻ, ഒരു കുരങ്ങൻ, ഒരു നീർനായ എന്നിവയാണ് വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടത്. കാസിരംഗ ദേശീയോദ്യാനം ലോകത്തിലെ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുള്ള പാർക്കാണ്.
നൂറുകണക്കിന് വീടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവ തകർന്നു. ബ്രഹ്മപുത്രയടക്കം സംസ്ഥാനത്തെ 9 നദികൾ കരകവിഞ്ഞൊഴുകുന്നു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, അരുണാചൽ പ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.
ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. 2017-ൽ 350 വന്യജീവികൾ വെള്ളപ്പൊക്കത്തിലും വാഹനാപകടങ്ങളിലും കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രളയത്തിൽ നിന്ന് 97 വന്യജീവികളെ രക്ഷിച്ചതായി ദേശീയോദ്യാന അധികൃതർ അറിയിച്ചു.
25-ഓളം ജീവികൾക്ക് ചികിത്സ നൽകുന്നുണ്ടെന്നും ബാക്കിയുള്ളവയെ ചികിത്സിച്ച് തിരികെ വിട്ടതായും അധികൃതർ വ്യക്തമാക്കി.











