ഫ്രാൻസിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുസഖ്യം മുന്നേറുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയേയും പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടിയേയും പിന്തള്ളി ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്പി) മുന്നിലെത്തിയിരിക്കുകയാണ്. എന്നാൽ ആർക്കും കേവലഭൂരിപക്ഷം നേടാനാകാത്തതിനാൽ ഫ്രാൻസ് തൂക്കുസഭയിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
577 അംഗ ഫ്രഞ്ച് പാർലമെന്റിൽ ഭൂരിപക്ഷത്തിന് 289 സീറ്റുകളാണ് വേണ്ടത്. എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഇടതുസഖ്യം 192 സീറ്റ് നേടുമെന്നാണ് സൂചന. ജനങ്ങൾക്ക് തങ്ങളിൽ വിശ്വാസമുണ്ടെന്നും സർക്കാർ രൂപീകരിക്കുമെന്നും ഇടതുപക്ഷ സഖ്യം പ്രതികരിച്ചു. എന്നാൽ അവിശുദ്ധ സഖ്യം തങ്ങളുടെ അധികാരത്തിലേക്കുള്ള വഴി തടഞ്ഞെന്ന് നാഷണൽ റാലി നേതാവ് ജോർദാൻ ബാർഡെല്ല ആരോപിച്ചു.
ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മുന്നിട്ട് നിന്നിരുന്ന നാഷണൽ റാലി ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റ് മാക്രോണാണ് രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചതെന്ന് തീവ്ര വലതുപക്ഷം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് പ്രധാനമന്ത്രി ഗബ്രിയേൽ അട്ടൽ രാജി സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ യൂറോയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി.