വടകരയിൽ എംപി ഓഫീസ് തുറന്ന് ഷാഫി പറമ്പിൽ. ജനങ്ങൾക്ക് അധികാരത്തോടെ എത്താനുള്ള ഓഫീസായിരിക്കുമിതെന്നും, ജനങ്ങൾക്ക് തന്നെ തിരുത്താനുള്ള അവകാശമുണ്ടെന്നും അത് പാലിക്കുമെന്നും ഷാഫി പറഞ്ഞു. ജനങ്ങളുടെ മേൽ അധികാരം സ്ഥാപിക്കാനുള്ളതല്ല ഈ ഓഫീസെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയിലെ എംപി ഓഫീസ് ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. താൻ ആദ്യമായി എംപിയായ ശേഷം പത്തു വർഷക്കാലം ഈ ഓഫീസിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ലാ അർത്ഥത്തിലും വളരെ കാര്യക്ഷമതയോടെ പ്രവർത്തിച്ച ഒരു ഓഫീസായിരുന്നു ഇതെന്നും, തനിക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഫീസിന്റെ ചുമതല ഉണ്ടായിരുന്നവരെല്ലാം തികഞ്ഞ ജാഗ്രതയോടാണ് പ്രവർത്തിച്ചതെന്ന് മുല്ലപ്പള്ളി അനുസ്മരിച്ചു. ഷാഫി പറമ്പിലിനോട് എന്തെങ്കിലും പറയേണ്ടതായിട്ടുണ്ട് എന്ന് തനിക്ക് തോന്നുന്നില്ലെന്നും, കാരണം ഷാഫി വടകര വന്നു, കണ്ടു, കീഴടക്കി എന്നും അദ്ദേഹം പ്രസ്താവിച്ചു.