2025-ലെ ചാമ്പ്യൻ ട്രോഫിയുടെ ഫിക്സ്ചർ പാകിസ്ഥാൻ അധികാരികൾ ഐസിസിക്ക് സമർപ്പിച്ചു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ ടൂർണമെന്റ് നടത്താനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. മാർച്ച് ഒന്നിന് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടം നടക്കും. സുരക്ഷ കാരണങ്ങളാൽ ഇന്ത്യയുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ലാഹോറിൽ തന്നെയായിരിക്കും.
എന്നാൽ, ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ബിസിസിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്തിമ തീരുമാനം കേന്ദ്രസർക്കാരിന്റേതായിരിക്കും. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുത്തിരുന്നില്ല. പിന്നീട് ടൂർണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു.
ഐസിസിയുടെ വരാനിരിക്കുന്ന യോഗത്തിൽ ടൂർണമെന്റ് സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ ചർച്ചകൾ പോലും നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കനത്ത സുരക്ഷയിലായിരിക്കും മത്സരങ്ങൾ നടത്തുക എന്നും അധികൃതർ അറിയിച്ചു.