ഗുജറാത്തിലെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. അനധികൃതമായി നിർമിച്ച കെട്ടിടമാണ് തകർന്നതെന്ന് വിവരമുണ്ട്. പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിട്ടും അഞ്ച് കുടുംബങ്ങൾക്ക് മുറികൾ വാടകയ്ക്ക് നൽകിയിരുന്നു.
അപകടത്തിൽ പരുക്കേറ്റ 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ ജീവനോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. 2017-ൽ പണിത അപ്പാർട്ട്മെന്റ് കെട്ടിടം കനത്ത മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ആകെ 30 അപ്പാർട്ട്മെന്റുകൾ കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും അഞ്ചെണ്ണത്തിൽ മാത്രമേ ആൾത്താമസമുണ്ടായിരുന്നുള്ളൂ. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.