കോപ്പ അമേരിക്ക: പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് യുറുഗ്വേ സെമിയിൽ

Anjana

കോപ്പ അമേരിക്കയിൽ ബ്രസീലിന് കണ്ണീരോടെ മടക്കം. ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ യുറുഗ്വേ 4-2 ന് ബ്രസീലിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് എത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു കാണാൻ കഴിഞ്ഞത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ അവസരങ്ങൾ തടയുന്നതിൽ ആയിരുന്നു ഇരു ടീമുകളുടെയും ശ്രദ്ധ.

രണ്ടാം പകുതിയിൽ ബ്രസീലിന്റെ ശക്തമായ ആക്രമണമാണ് കാണാൻ കഴിഞ്ഞത്. എന്നാൽ യുറുഗ്വേയുടെ പ്രതിരോധം മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. 74-ാം മിനിറ്റിൽ യുറുഗ്വേ താരം കോൾഡെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് 10 പേരായി ചുരുങ്ങിയ യുറുഗ്വേ പ്രതിരോധത്തിലേക്ക് മാറി. അവർ നിശ്ചിത സമയം അവസാനിക്കുന്നത് വരെ കളി സമനിലയിൽ നിർത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷൂട്ടൗട്ടിൽ യുറുഗ്വേയ്ക്കായി ഫെഡെ വാൽവർദെ, റോഡ്രിഗോ ബെൻടാൻകുർ, ജോർജിയൻ ഡി അരാസ്‌ക്വേറ്റ, മാനുവൽ ഉഗാർട്ടെ എന്നിവർ ഗോൾ നേടി. ബ്രസീലിനായി ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ മാത്രമാണ് ലക്ഷ്യം കണ്ടത്. എഡർ മിലിറ്റാവോയുടെയും ഡഗ്ലസ് ലൂയിസിന്റെയും കിക്കുകൾ പാഴായി. ഇതോടെ ബ്രസീൽ പുറത്തായപ്പോൾ യുറുഗ്വേ സെമിയിലേക്ക് മുന്നേറി. സെമിയിൽ യുറുഗ്വേ കൊളംബിയയെ നേരിടും.