സിംബാബ്വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യക്ക് 13 റണ്സിന്റെ അപ്രതീക്ഷിത തോല്വി നേരിട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 20 ഓവറില് 9 വിക്കറ്റ് നഷ്ടത്തില് 115 റണ്സെടുത്തു. മറുപടി ബാറ്റിങ്ങില് ഇന്ത്യ 19.5 ഓവറില്‍ 102 റണ്സിന് പുറത്തായി. ലോകകപ്പ് കഴിഞ്ഞെത്തിയ സീനിയര് താരങ്ങള്ക്ക് വിശ്രമമനുവദിച്ചതിനാല് ശുഭ്മാന് ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘമാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്.
ഇന്ത്യന് ബാറ്റിങ് നിരയില് ശുഭ്മാന് ഗില് 29 പന്തില് 31 റണ്സുമായി ടോപ് സ്കോററായി. വാഷിങ്ടണ് സുന്ദര് (34 പന്തില് 27), ആവേശ് ഖാന് (16) എന്നിവരും രണ്ടക്കം കടന്നു. എന്നാല് അരങ്ങേറ്റക്കാരായ അഭിഷേക് ശര്മ (0), റിയാന് പരാഗ് (2), ധ്രുവ് ജുറേല് (7) എന്നിവരുടെ പുറത്താകല് ഇന്ത്യക്ക് തിരിച്ചടിയായി. സിംബാബ്വെ ബൗളിങ്ങില് ക്യാപ്റ്റന് സിക്കന്ദര് റാസയും ടെന്ഡായ് ചതാരയും മൂന്ന് വീതം വിക്കറ്റുകള് നേടി തിളങ്ങി.
സിംബാബ്വെ ബാറ്റിങ്ങില് ബെന്നറ്റ്, ഡിയോണ് മിയേഴ്സ് എന്നിവര് 23 റണ്സ് വീതവും ക്യാപ്റ്റന് സിക്കന്ദര് റാസ 17 റണ്സും നേടി. എന്നാല് ഇന്ത്യന് ബൗളര്മാരുടെ മികച്ച പ്രകടനം സിംബാബ്വെയെ കുറഞ്ഞ സ്കോറില് ഒതുക്കി. രവി ബിഷ്ണോയ് നാല് വിക്കറ്റുകള് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മുകേഷ് കുമാറും രണ്ടാം ഓവറില് തന്നെ ഓപ്പണര് ഇന്നസെന്റ് കൈയയെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.