ഉത്തർപ്രദേശിലെ ഹാഫ്റസിൽ നടന്ന ദുരന്തത്തിൽ നൂറിലേറെ പേർ മരിച്ചതിൽ ദുഃഖമുണ്ടെന്ന് വിവാദ ആൾദൈവം ഭോലെ ബാബ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും, ഉത്തരവാദികൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസ് അജ്ഞാത കേന്ദ്രത്തിലെത്തി ഭോലെ ബാബയുടെ മൊഴി രേഖപ്പെടുത്തിയതായി സൂചനയുണ്ട്.
ഭോലെ ബാബ എന്ന സൂരജ് പാൽ നാരായണൻ ഹരിയുടെ സത്സംഗ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് നൂറിലേറെ പേർ കൊല്ലപ്പെട്ടത്. എന്നാൽ, ഈ സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്താത്തതിൽ വിമർശനം ഉയർന്നിട്ടുണ്ട്. ഉത്തർപ്രദേശ് പൊലീസ് ഇതുവരെ ആൾദൈവത്തിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
സംഭവത്തിൽ 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ ഭോലെ ബാബയുടെ താമസസ്ഥലത്ത് വീണ്ടും പരിശോധന നടത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. എന്നാൽ, കേസിൽ ആൾദൈവത്തെ പ്രതിചേർക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്.