ബ്രിട്ടനിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിലേക്കാണ് ലോകരാഷ്ട്രങ്ങളുടെ കണ്ണുകൾ. യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെട്ട ശേഷം സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് ഭരണകൂടത്തെ കരകയറ്റാൻ സ്റ്റാർമർക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നീണ്ട 14 വർഷങ്ങൾക്ക് ശേഷം അധികാരത്തിലേറുന്ന ലേബർ പാർട്ടി, വിദേശ നയത്തിൽ വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുമെന്നാണ് അറിയിച്ചത്. യൂറോപ്യൻ യൂണിയനുമായി സുരക്ഷാ കരാറിൽ ഒപ്പിടുകയും ബ്രെക്സിറ്റ് തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുകയുമാണ് പാർട്ടിയുടെ പ്രധാന അജണ്ടകൾ. ചൈനയുമായുള്ള ബന്ധത്തിൽ പൂർണ ഓഡിറ്റ് നടത്തുമെന്നും, വാണിജ്യ-വ്യാപാര ബന്ധങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിലും സഹകരിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന നിലപാടും ലേബർ പാർട്ടി സ്വീകരിച്ചിട്ടുണ്ട്. യുക്രൈനുള്ള സഹായം തുടരുമെന്നും, പ്രതിരോധ ചെലവുകൾ വർധിപ്പിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന നിലപാടും സ്റ്റാർമർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നയങ്ങളിലേക്കെല്ലാം ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.