ബിജെപി സംസ്ഥാനതല ചുമതലകൾ പുതുക്കി നൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരുമ്പോൾ, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി അനിൽ ആന്റണി നിയമിതനായി. ആകെ 24 ഇടങ്ങളിലാണ് ചുമതലകൾ പുതുക്കി നൽകിയത്. അപരാജിത സാരംഗി സഹ പ്രഭാരിയായും വി മുരളീധരൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്ററായും ചുമതലയേറ്റു.
വിനോദ് താവ്‌ഡെ ബിഹാറിന്റെയും ശ്രീകാന്ത് ശർമ ഹിമാചൽ പ്രദേശിന്റെയും ചുമതല തുടരും. ഛത്തീസ്ഗഢിന്റെ ചുമതല നിതിൻ നവീനും, ഹരിയാനയുടെ ചുമതല ഡോ. സതീഷ് പൂനിയയ്ക്കും, ജാർഖണ്ഡിന്റെ ചുമതല ലക്ഷ്മികാന്ത് വാജ്‌പേയിക്കും നൽകി. ആൻഡമാൻ നിക്കോബാറിന്റെ ചുമതല രഘുനാഥ് കുൽക്കർണിക്കും അരുണാചൽ പ്രദേശിന്റെ ചുമതല അശോക് സിംഗാളിനും ലഭിച്ചു.
ഗോവയുടെ ചുമതല ആശിഷ് സൂദിനും, ജമ്മു കശ്മീരിന്റെ ചുമതല തരുൺ ചുഗിനും നൽകി. ആശിഷ് സൂദിനെ ജമ്മു കശ്മീരിന്റെ കോ-ഇൻചാർജ് ആയും നിയമിച്ചു. കർണാടകയിൽ രാധാമോഹൻ ദാസ് അഗർവാളിനും, മണിപ്പൂരിൽ അജിത് ഗോപചഡെക്കും, മിസോറാമിൽ ദേവേഷ് കുമാറിനും ചുമതല നൽകി. ഈ നിയമനങ്ങളിലൂടെ പാർട്ടി സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.