കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്; 2014-ന് ശേഷം നിർമ്മിച്ച കെട്ടിടങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് മുന്നറിയിപ്പ്

Anjana

കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തി. 2014-ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ പാലങ്ങൾ, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേക്ക് പോകരുതെന്ന് താരം മുന്നറിയിപ്പ് നൽകി. മൺസൂൺ മുന്നറിയിപ്പ് എന്ന പേരിലാണ് പ്രകാശ് രാജ് ഈ കുറിപ്പ് പങ്കുവെച്ചത്.

മോദി സർക്കാരിനെതിരെയുള്ള താരത്തിന്റെ പരോക്ഷ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. പ്രകാശ് രാജിന്റെ പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്തെത്തി. ‘മഴയത്ത് നനയുന്നത് അതിമനോഹരമാണ്. എന്നാൽ 2014-ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, ദേശീയപാതകൾ, ആശുപത്രികൾ എന്നിവയുടെ അടുത്തേക്ക് പോകരുത്. ട്രെയിനിൽ കയറുകയും അരുത്. ശ്രദ്ധിക്കുക’ എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിഹാറിൽ ഈ വർഷം മാത്രം ഇരുപതോളം പാലങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പത്ത് പാലങ്ങളാണ് തകർന്നത്. ഇതിൽ മിക്കതും ഗ്രാമീണ മേഖലകളിലെ ചെറിയ പാലങ്ങളാണെങ്കിലും, 25 വർഷത്തിനുള്ളിൽ നിർമ്മിച്ചവയാണ് കൂടുതലും. കഴിഞ്ഞയാഴ്ച ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശിലും ഗുജറാത്തിലും വിമാനത്താവളങ്ങളിലെ മേൽക്കൂര തകർന്നുവീഴുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.