കൊച്ചി മെട്രോ രണ്ടാം ഘട്ടം: പൈലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു

Anjana

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം അതിവേഗം മുന്നോട്ടുപോകുന്നതായി മന്ത്രി പി രാജീവ് അറിയിച്ചു. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർമ്മാണത്തിന്റെ പൈലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പദ്ധതി പ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് പൂർത്തിയാക്കി കവാടങ്ങളുടെ നിർമാണ ജോലികൾ നേരത്തേ തുടങ്ങിയിരുന്നു.

11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്റ്റേഷനുകളുടെയും നിർമ്മാണം പൂർത്തിയാക്കാനുള്ള കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ലഭിച്ചത്. 600 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. ‘പിങ്ക് പാത’ എന്നറിയപ്പെടുന്ന കാക്കനാട് പാതയുടെ ആദ്യ സ്റ്റേഷൻ കലൂർ സ്റ്റേഡിയമാണ്. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക് എന്നിവയാണ് മറ്റ് സ്റ്റേഷനുകൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2017-ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക് പാതയ്ക്ക് 2022-ലാണ് കേന്ദ്ര കാബിനറ്റിന്റെ അനുമതി ലഭിച്ചതെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി. പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതിനെ തുടർന്ന് വിദേശ വായ്പാ ഏജൻസി പിൻമാറിയതോടെ നിർമ്മാണം വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 1141.32 കോടി രൂപയുടെ കരാറാണ് നൽകിയിരിക്കുന്നത്.