ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തി. 650 സീറ്റുകളുള്ള പാർലമെന്റിൽ ലേബർ പാർട്ടി 370 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചു. കൺസർവേറ്റിവ് പാർട്ടി 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളും, സ്കോട്ടിഷ് നാഷണൽ പാർട്ടിയും സിൻ ഫെയിനും 6 സീറ്റുകൾ വീതവും നേടി.
ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു. 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു.
ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞു. ഇന്നത്തെ രാത്രി ജനങ്ങൾ സംസാരിച്ചു, അവർ മാറ്റത്തിന് സജ്ജരാണെന്നും മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാർമർ വ്യക്തമാക്കി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണമെന്നിരിക്കെ ലേബർ പാർട്ടി 370 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചു.