ലോക വിജയം നേടി മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഹൃദയസ്പർശിയായ സ്വീകരണമാണ് ലഭിച്ചത്. മഴയെ അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് വിജയ പരേഡിൽ പങ്കെടുത്തത്. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബിസിസിഐ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപയുടെ പാരിതോഷികം കൈമാറി. മുംബൈ മറൈൻ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും പതിനായിരക്കണക്കിന് ആളുകൾ ലോക ചാമ്പ്യന്മാരെ സ്വീകരിക്കാനെത്തി. ആരാധകരുടെ തിരക്കുമൂലം ടീം നരിമാൻ പോയിന്റിലെത്താൻ മണിക്കൂറുകൾ വൈകി. ഒരു ഘട്ടത്തിൽ മറൈൻ ഡ്രൈവിലേക്ക് കൂടുതൽ ആളുകൾ എത്തരുതെന്ന് മുംബൈ പോലീസ് അറിയിപ്പ് നൽകി. പിന്നീട് തുറന്ന ബസിൽ ആരാധകരോടൊപ്പം ലോകകപ്പ് വിജയം ആഘോഷിച്ച് ടീം ഇന്ത്യ സഞ്ചരിച്ചു. വിജയ പരേഡിന് ശേഷം വാങ്കഡെ സ്റ്റേഡിയത്തിൽ ബിസിസിഐ ടീമിനെ ആദരിച്ചു. ഇത് അഭിമാനകരമായ നിമിഷമാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ആരാധകരുടെ പിന്തുണയ്ക്ക് പരിശീലകൻ രാഹുൽ ദ്രാവിഡ്, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർ നന്ദി അറിയിച്ചു. തുടർന്ന് ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപയുടെ പാരിതോഷികം കൈമാറി.