അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്ന് ജോ ബൈഡൻ; പിന്മാറുന്നുവെന്ന വാർത്തകൾ നിഷേധിച്ചു

Anjana

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജോ ബൈഡൻ തുടരുമെന്ന് വ്യക്തമാക്കി. പിന്മാറുന്നുവെന്ന വാർത്തകൾക്കിടെയാണ് ബൈഡൻ തന്നെ നിലപാട് വ്യക്തമാക്കിയത്. ന്യൂയോർക് ടൈംസ് ദിനപ്പത്രം ബൈഡന് പകരം മറ്റൊരാളെ പാർട്ടി തേടുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. അറ്റ്ലാൻ്റയിൽ ഡൊണാൾഡ് ട്രംപുമായി നടത്തിയ സംവാദത്തിന് ശേഷം ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറാൻ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ വൈറ്റ് ഹൗസ് ഈ വാർത്ത നിഷേധിച്ചു. ബൈഡൻ തന്നെ മത്സരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ജീവിതത്തിൽ പല തിരിച്ചടികളും നേരിട്ടിട്ടുണ്ടെന്നും, എത്ര വേഗം എഴുന്നേൽക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംവാദത്തിന് ശേഷം ട്രംപിനേക്കാൾ ദേശീയ തലത്തിൽ 2 പോയിൻ്റ് പിന്നിലാണെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. വോട്ടർമാരുടെ പിന്തുണ തിരിച്ചുപിടിക്കാനാണ് ബൈഡൻ ശ്രമിക്കുന്നത്. സംവാദത്തിന് മുൻപ് വിദേശയാത്രകൾ ഉണ്ടായിരുന്നതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

ഡബ്ല്യുഎസ്ജെ പോൾ പ്രകാരം സംവാദത്തിന് ശേഷം ട്രംപിന് വലിയ പിന്തുണ ലഭിച്ചു. ബൈഡന് പ്രായക്കൂടുതലാണെന്ന് 80 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. നിലവിൽ ട്രംപിന് 6 പോയിൻ്റ് ലീഡുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയിൽ 76% പേരും ബൈഡൻ അനുയോജ്യനല്ലെന്ന് കരുതുന്നു.

കമല ഹാരിസിന്റെ ജനപ്രീതിയും ഡെമോക്രാറ്റുകൾക്ക് ആശങ്കയാണ്. 35 ശതമാനം പേർ മാത്രമാണ് അവരെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് യോഗ്യയെന്ന് കരുതുന്നത്. സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നും സർവേ ഫലം സൂചിപ്പിക്കുന്നു.

ജിൽ ബൈഡന്റെ ആത്മകഥയിലെ പരാമർശങ്ങളും ചർച്ചയാകുന്നുണ്ട്. യു.എസ് കോൺഗ്രസിലെ ചില ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.