അട്ടപ്പാടിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വന്തം വീട്; 20 ലക്ഷം രൂപ നൽകി എം.എ. യൂസഫലി

Anjana

അട്ടപ്പാടി മുക്കാലി സ്വദേശികളായ സജിയും ബിസ്‌നയും 26 ഭിന്നശേഷിക്കുട്ടികൾക്ക് ദയശ്രേയ ചാരിറ്റബിൾ റീഹാബിലിറ്റേഷൻ സൊസൈറ്റിയിലൂടെ സംരക്ഷണം നൽകി വരികയായിരുന്നു. എന്നാൽ സാമ്പത്തിക പ്രയാസം മൂലം വാടക കെട്ടിടത്തിൽ നിന്ന് ഇറങ്ങേണ്ടി വന്ന ഇവർ, പിന്നീട് മുക്കാലിയിലെ ഒരു വീട്ടിലേക്ക് മാറി. ആറ് മാസത്തിനകം ഈ വീടും വിൽക്കുമെന്ന് ഉടമസ്ഥൻ അറിയിച്ചതോടെ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു ദമ്പതികൾ.

നാട്ടുകാരുടെ സഹായത്തോടെ നാല് ലക്ഷം രൂപ സംഘടിപ്പിച്ചെങ്കിലും വീട് സ്വന്തമാക്കാൻ 15 ലക്ഷം രൂപ കൂടി ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായം ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ദയശ്രേയ ചാരിറ്റബിൾ റീഹാബിലിറ്റേഷൻ സൊസൈറ്റിയുടെ അവസ്ഥ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന്, വീട് വാങ്ങാനാവശ്യമായ 15 ലക്ഷം രൂപയുടെയും കുട്ടികളുടെ ദൈനംദിന ചെലവിനായി 5 ലക്ഷം രൂപയുടെയും ചെക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികൾ സജി-ബിസ്‌ന ദമ്പതികൾക്ക് കൈമാറി. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു പാലക്കാട് ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജയേഷ് നായർ, ഹൈപ്പർമാർക്കറ്റ് മാനേജർ ഹരികൃഷ്ണൻ എസ് എന്നിവർ ചേർന്നാണ് അട്ടപ്പാടി മുക്കാലിയിലെ ഇവരുടെ വീട്ടിലെത്തി 20 ലക്ഷം രൂപയുടെ ചെക്കുകൾ കൈമാറിയത്.

ഭിന്നശേഷിക്കാരായ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ആശങ്ക ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സജി-ബിസ്‌ന ദമ്പതികൾ. കുട്ടികൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ എം.എ. യൂസഫലിക്ക് നിറകണ്ണുകളോടെ നന്ദി പറയുകയാണ് ഈ കുരുന്നുകളും അവരുടെ മാതാപിതാക്കളായി മാറിയ സജി-ബിസ്‌ന ദമ്പതികളും.