ബിഹാറിൽ വീണ്ടും നാല് പാലങ്ങൾ തകർന്നു; 16 ദിവസത്തിനിടെ തകർന്നത് 10 പാലങ്ങൾ

Anjana

ബിഹാറിൽ വീണ്ടും നാല് പാലങ്ങൾ തകർന്നു വീണു. കഴിഞ്ഞ 16 ദിവസത്തിനിടെ സംസ്ഥാനത്ത് തകർന്നുവീണ പാലങ്ങളുടെ എണ്ണം 10 ആയി ഉയർന്നു. സിവാൻ ജില്ലയിൽ മൂന്നും സരൺ ജില്ലയിൽ ഒന്നുമാണ് ഇപ്പോൾ തകർന്നത്. സിവാനിലെ മഹാരാജ്ഗഞ്ച് സബ്ഡിവിഷനിലെ ഡിയോറിയ, നവ്താൻ, ധമാഹി ഗ്രാമങ്ങളിലെ ചാരി നദിക്ക് കുറുകെയുള്ള പാലങ്ങളാണ് തകർന്നത്. ആർക്കും പരിക്കേറ്റില്ലെങ്കിലും 200 ഓളം ഗ്രാമങ്ങളുടെ ഗതാഗത ബന്ധം തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തെ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും ശക്തമായ ഒഴുക്കുമാണ് പാലങ്ങൾ തകരാൻ കാരണമായത്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഈ പാലങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ പാലങ്ങളും പരിശോധിക്കാനും അറ്റകുറ്റപ്പണികൾ ഉറപ്പാക്കാനും റോഡ് നിർമ്മാണ വകുപ്പിനും റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റിനും നിർദ്ദേശം നൽകി. തുടർച്ചയായി പാലങ്ങൾ തകരുന്നത് സംസ്ഥാന രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കി. നിതീഷ് കുമാർ സർക്കാരിന്റെ അഴിമതി ഭരണമാണ് പാലം തകർച്ചയ്ക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.