പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ബിജെപി സജ്ജം, എൽഡിഎഫ് സ്ഥാനാർത്ഥിത്വം ചർച്ചയിൽ

Anjana

പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമാണെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികൾക്കും എതിരായ ശക്തമായ അടിയോഴുക്കാണ് ഉള്ളതെന്നും വിജയിക്കാൻ കഴിയുന്ന നല്ല സ്ഥാനാർഥിയെ പാർട്ടി നിർത്തുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞതായും ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ബിജെപിക്കാണ് കിട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് വിമത കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ് വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ മത്സരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സീറ്റ് വാഗ്ദാനം ലഭിച്ചിരുന്നതായും കോൺഗ്രസ് കൂടുതൽ മണ്ഡലങ്ങളിൽ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുകയെന്നും താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിന് സാധ്യതകൾ മങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാടിലാണ് ഡിസിസി. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയുടെ എംപിയായതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.