കാര്യവട്ടം സംഭവം: എസ്എഫ്ഐയെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് എം വിൻസെന്റ് എംഎൽഎ

Anjana

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത ഭാഷയിൽ വിമർശിച്ച് എം വിൻസെന്റ് എംഎൽഎ രംഗത്തെത്തി. കാര്യവട്ടം സംഘർഷത്തിൽ അദ്ദേഹം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതികൾ ഉയർന്നപ്പോഴെല്ലാം അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് എം വിൻസൻ്റ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് എസ്എഫ്ഐ അക്രമത്തിന് ബലമെന്നും അദ്ദേഹം ആരോപിച്ചു.

പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ അല്ല ഇടിമുറിയുടെ പിൻബലത്തിലാണ് എസ് എഫ് ഐ പ്രവർത്തനമെന്ന് എം വിൻസെന്റ് വിമർശിച്ചു. എസ്എഫ്ഐ അതിക്രമത്തെ തുടർന്നു വിദ്യാർത്ഥികൾ ക്യാമ്പസ് ഉപേക്ഷിച്ചു പോകുന്നുവെന്നും എസ്എഫ്ഐ കേരളത്തിന് ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് എസ്എഫ്ഐയുടെ ഭീകരത കാരണമാണെന്നും അദ്ദേഹം വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ് എഫ് ഐ ഉയർന്നുവരുന്നതിൽ അസൂയ എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് എം വിൻസെന്റ് ചൂണ്ടിക്കാട്ടി. എ ഐ എസ് എഫ് നേതാവായ പെൺകുട്ടിയെ ആക്രമിച്ചതാണോ എസ്എഫ്ഐയെ ഉയർത്തുന്നത്. സിദ്ധാർത്ഥനെ കൊലപ്പെടുത്തിയതാണോ എസ്എഫ്ഐയെ ഉയർത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. സാൻജോസിനെ 121-ാം നമ്പർ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചു. ആരും ഉപദ്രവിച്ചില്ല എന്ന് സഞ്ചോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു. എല്ലാ ക്യാമ്പസുകളിലും ഇടിമുറിയുണ്ടെന്ന് എം വിൻസെന്റ് നിയമസഭയിൽ ആരോപിച്ചു.