ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാൽ ഗുരുതരമാകാം; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

Anjana

Updated on:

ഡെങ്കിപ്പനി രണ്ടാമതും ബാധിക്കുന്നവരുടെ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ 5 ശതമാനം പേർക്ക് മാത്രമേ തീവ്രത അനുഭവപ്പെടുന്നുള്ളൂവെങ്കിലും, പലർക്കും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാമെന്ന് ആഗോള തലത്തിൽ കണക്കാക്കപ്പെടുന്നു.

ഡെങ്കി വൈറസിന് നാല് വകഭേദങ്ങളുണ്ട്. ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടാകുമെങ്കിലും, മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, രോഗ പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളൂ. വീടും സ്ഥാപനങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുന്നത് ഡെങ്കിപ്പനി തടയാൻ സഹായിക്കും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൃത്യമായി ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കുകയും വിശ്രമം എടുക്കുകയും വേണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ വിദഗ്ധ ചികിത്സ തേടണം.

രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനായി വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ അടച്ചുവയ്ക്കുക, കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡെങ്കിപ്പനി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.