ഡിജിപി ഷേഖ് ദർവേഷ് സാഹിബുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് വിവാദം ഒത്തുതീർപ്പിലെത്തി. പരാതിക്കാരനായ ഉമർ ഷെരീഫിന് ഡിജിപി പലിശ സഹിതം 33 ലക്ഷം രൂപ മടക്കി നൽകി. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ഉമ്മർ ഷെരീഫ് നൽകിയ പരാതിയിലാണ് ഈ പരിഹാരം ഉണ്ടായത്. ഡിജിപിയുടെ ഭാര്യ ഫരീദ ഫാത്തിമയുടെ പേരിലുള്ള 10.5 സെന്റ് ഭൂമി ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മുൻകൂർ വാങ്ങിയ തുക തിരികെ നൽകിയാൽ ജപ്തി ഒഴിവാക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
2023 ജൂൺ 22-നാണ് ഉമ്മർ ഷെരീഫ് ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലം വാങ്ങാൻ കരാറുണ്ടാക്കിയത്. 74 ലക്ഷം രൂപയ്ക്ക് 10.5 സെന്റ് വസ്തു വാങ്ങാനായിരുന്നു ധാരണ. രണ്ടു മാസത്തിനകം സ്ഥലം രജിസ്റ്റർ ചെയ്ത് നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. അഡ്വാൻസായി 30 ലക്ഷം രൂപ ഡിജിപിക്ക് നൽകി. ഇതിൽ 25 ലക്ഷം രൂപ ബാങ്ക് മുഖേനയും, 5 ലക്ഷം രൂപ പണമായി ഡിജിപിയുടെ ഓഫീസിലും എത്തിച്ചു.
എന്നാൽ പിന്നീട് കൂടുതൽ തുക ഡിജിപി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ ഭൂമിയുടെ ആധാരം കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഉമ്മർ ഷെരീഫ് നടത്തിയ അന്വേഷണത്തിലാണ് എസ് ബി ഐ ബാങ്കിൽ 26 ലക്ഷം രൂപയുടെ ബാധ്യത ഈ സ്ഥലത്തിനുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ തനിക്ക് സ്ഥലം വേണ്ടെന്നും അഡ്വാൻസ് നൽകിയ തുക തിരിച്ചുവേണമെന്നും ഡിജിപിയോട് ആവശ്യപ്പെട്ടു. മെയ് 28-ന് ഉമർ ഷെരീഫിന്റെ പരാതിയിൽ തിരുവനന്തപുരം അഡീഷണൽ സബ് കോടതി ജപ്തി ചെയ്യാൻ ഉത്തരവിട്ടിരുന്നു.
ഇപ്പോൾ പണം കിട്ടിയെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഭൂമിയുടെ ജപ്തി നടപടി ഒഴിവാക്കൽ ആയിരിക്കും അടുത്ത നടപടി. ഇതിനായി രമ്യഹർജി കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഈ നടപടികളോടെ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.