കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി എസ്.എഫ്.ഐ പ്രവർത്തകരെ ‘ക്രിമിനലുകൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിൽ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറി സഞ്ചോസിനെ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സംഭവത്തെ തുടർന്നാണ് സുധാകരന്റെ പ്രതികരണം. സംഭവസ്ഥലത്തെത്തിയ എം. വിൻസന്റ് എം.എൽ.എയെയും എസ്.എഫ്.ഐക്കാർ ആക്രമിച്ചതായി അദ്ദേഹം ആരോപിച്ചു.
പ്രതിഷേധിക്കാനെത്തിയ എം.എൽ.എമാരായ എം. വിൻസന്റ്, ചാണ്ടി ഉമ്മൻ എന്നിവർക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തതായും സുധാകരൻ കുറ്റപ്പെടുത്തി. എസ്.എഫ്.ഐയുടെ ആക്രമണത്തിൽ പൊലീസുകാരന് പരുക്കേറ്റതിന്റെ പേരിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തതിനെയും അദ്ദേഹം വിമർശിച്ചു. കാമ്പസുകളിൽ അക്രമം നടത്തുകയും നിരപരാധികളായ വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്നതിലൂടെ സി.പി.ഐ.എം ഭാവിയിലേക്കുള്ള ക്വട്ടേഷൻ സംഘത്തെ വാർത്തെടുക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു.
എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കലാലയങ്ങളിൽ ഇടിമുറികൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അതിന് ഇടതനുകൂലികളായ അധ്യാപകരുടെ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാമ്പസ് തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐയുടെയും സി.പി.ഐ.എമ്മിന്റെയും അക്രമരാഷ്ട്രീയത്തെ വിദ്യാർത്ഥികൾ തള്ളിക്കളയുന്നതായും സുധാകരൻ ചൂണ്ടിക്കാട്ടി. സി.പി.ഐ.എമ്മിന്റെ തെറ്റുതിരുത്തൽ എസ്.എഫ്.ഐയിൽ നിന്ന് തുടങ്ങണമെന്നും അല്ലാത്തപക്ഷം വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.