കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ തീരുമാനിച്ചു. അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്ത് നൽകി. ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നുവെന്ന വിലയിരുത്തലിലാണ് ഈ നടപടി. നിർദിഷ്ട ഫോമിൽ കമ്പനിയുടെ രജിസ്ട്രേഷൻ വിവരങ്ങളും അംഗീകൃത പിആർഒയുടെ കത്തും നൽകേണ്ടതുണ്ട്. ഈ മാനദണ്ഡങ്ങൾ പരിഗണിച്ചാകും അക്രെഡിറ്റേഷൻ നൽകുക.
സ്ത്രീത്വത്തെ അപമാനിക്കുന്ന ചോദ്യങ്ങൾ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മരണവീടുകളിൽപ്പോലും മൊബൈൽ ക്യാമറയുമായി പിന്തുടരുക തുടങ്ങിയ രീതികളാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്. നടൻ സിദ്ദിഖിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങൾ സ്വീകരിച്ച സമീപനത്തിനെതിരെ സാമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
മരണവീടുകളിൽ പോലും മര്യാദകൾ പാലിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യും. സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പരിപാടികളിലും നിയന്ത്രണം ബാധകമാകുമെന്നാണ് വിവരം.