ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ രാവിലെ നാട്ടിലെത്തും. ബാർബഡോസിൽ നിന്നുള്ള മടക്കയാത്രയിൽ കാലാവസ്ഥാ പ്രതിസന്ധി നേരിട്ടതിനാൽ യാത്ര വൈകിയിരുന്നു. ബുധനാഴ്ച രാത്രി 8 മണിക്ക് എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും പുതിയ വിവരമനുസരിച്ച് വ്യാഴാഴ്ച രാവിലെ 5 മണിയോടെ ഡൽഹിയിൽ എത്തിച്ചേരും.
ബാർബഡോസിൽ ബെറിൽ ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യൻ ടീമിന്റെ മടക്കം വൈകിയത്. കഴിഞ്ഞ നാലു ദിവസമായി കരീബിയൻ ദ്വീപിൽ ലോക്ക്ഡൗൺ പ്രതീതിയായിരുന്നു. കാറ്റഗറി നാലിൽപ്പെടുന്ന ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലിൽ തുടരേണ്ടി വന്നു. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ബാർബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. ഇതിനു പുറമെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങി.
താരങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ബിസിസിഐ ഉന്നതരും ലോകകപ്പിന് ശേഷം ബാർബഡോസിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ജൂലൈ ഒന്നിനാണ് ടീം തിരിച്ചുവരാൻ ആദ്യം പദ്ധതിയിട്ടിരുന്നത്. ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന യാത്രാ പദ്ധതി. എന്നാൽ കാലാവസ്ഥാ പ്രതികൂലത മൂലം ഈ പദ്ധതി മാറ്റേണ്ടി വന്നു. ഇപ്പോൾ നേരിട്ട് ഡൽഹിയിലേക്കാണ് ടീം എത്തുന്നത്.