തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ നടന്ന സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന സംഘർഷത്തിൽ എസ്എഫ്ഐയും കെഎസ്യുവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനത്തിന് മുന്നോടിയായി നടത്തിയ ക്യാംപെയ്നിനിടെയാണ് സംഘർഷമുണ്ടായത്. കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറി സാഞ്ചോസിനെ എസ്എഫ്ഐ പ്രവർത്തകർ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി കെഎസ്യു ആരോപിച്ചു. എന്നാൽ, പുറത്ത് നിന്ന് ക്യാമ്പസിൽ എത്തിയവർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രതികരിച്ചു. ആരെയും മർദിച്ചിട്ടില്ലെന്നും ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയവരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും എസ്എഫ്ഐ വ്യക്തമാക്കി. എന്നാൽ, ആരും മർദിച്ചിട്ടില്ലെന്ന് വെള്ളപേപ്പറിൽ എഴുതി തരണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടതായി സാഞ്ചോസ് പറഞ്ഞു. ഇദ്ദേഹം മെഡിക്കൽ കോളജിൽ ചികിത്സ തേടി. ക്യാംപസിൽ പൊലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മർദിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.