ഹാത്രസിലെ ആധ്യാത്മിക പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ചു; 150ഓളം പേർക്ക് പരുക്ക്

Anjana

ഉത്തർപ്രദേശിലെ ഹാത്രസിൽ നടന്ന ഒരു ആധ്യാത്മിക പരിപാടിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ചു. 150ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിലവിൽ 107 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക അധികൃതർ പങ്കുവയ്ക്കുന്നു. പരുക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മന്ത്രി സന്ദീപ് സിംഗ് അപകടസ്ഥലം സന്ദർശിച്ചു.

മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റി സംഘടിപ്പിച്ച സത്സംഗത്തിനിടെയാണ് അപകടമുണ്ടായത്. സത്സംഗത്തിന് ശേഷം ആളുകൾ തിരികെ വീടുകളിലേക്ക് മടങ്ങുമ്പോഴാണ് തിക്കും തിരക്കും വർധിച്ചത്. ആളുകൾക്ക് തിരിച്ച് ഇറങ്ങാനുള്ള വഴി വളരെ വീതി കുറഞ്ഞതായിരുന്നെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. തിരക്കിൽപ്പെട്ട് ആളുകൾ മറിഞ്ഞുവീഴുകയും അതിന് മുകളിലേക്ക് വീണ്ടും വീണ്ടും ആളുകൾ വീഴുകയുമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യമായി പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

പരുക്കേറ്റവരെ ഹാത്രസിലേയും എറ്റയിലേയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ ഹാത്രസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടിയിട്ടിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ, പുറത്തുവരുന്ന വിഡിയോകൾ ഉത്തർപ്രദേശ് സർക്കാരോ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. മരിച്ചവരെ മുഴുവൻ പേരെയും തിരിച്ചറിഞ്ഞിട്ടില്ല.