ഇന്ത്യ ടി20 കിരീടം നേടിയതിന് പിന്നാലെ രോഹിത് ശർമ്മയുടെ അമ്മ പൂർണിമ ശർമ്മ പങ്കുവെച്ച പോസ്റ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് അവർ പോസ്റ്റ് ചെയ്തത്. “എന്റെ മകന്റെ തോളിൽ മകളാണ്, പിന്നിൽ രാജ്യമാണ്, കൂടെ നിൽക്കുന്നത് അവന്റെ സഹോദരനാണ്” എന്നാണ് പൂർണിമ ശർമ്മ സമൂഹമാധ്യമത്തിൽ കുറിച്ചത്. ടി20 ക്രിക്കറ്റിലെ ഇതിഹാസ കൂട്ടുകെട്ടാണ് രോഹിത്തും കോഹ്‌ലിയും എന്ന കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്.
ദശാബ്ദങ്ങളായി ഒരുമിച്ച് കളിക്കുന്നവരാണെങ്കിലും രോഹിത്തും കോഹ്‌ലിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു. ഈ ഊഹാപോഹങ്ങൾക്കെല്ലാം വിരാമമിടുന്നതാണ് രോഹിത്തിന്റെ അമ്മയുടെ ഈ പോസ്റ്റെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ബാർബഡോസിലെ ഫൈനലിനു ശേഷം കപ്പുമായി ഇരുവരും പോസ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോഹ്‌ലിക്കൊപ്പം നിൽക്കുന്ന രോഹിത്തിന്റെ തോളിൽ മകൾ സമൈറയും ഉണ്ടായിരുന്നു.