ഇന്ത്യയിൽ നിന്ന് ഈ വർഷം 4300 കോടീശ്വരന്മാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ അഡ്വൈസറി സ്ഥാപനമായ ഹെൻലി ആന്റ് പാർട്നേഴ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കോടീശ്വരന്മാരുടെ കുടിയേറ്റത്തിൽ ചൈനയ്ക്കും ബ്രിട്ടനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകമെമ്പാടും 1,28,000 കോടീശ്വരന്മാർ ഈ വർഷം സ്വന്തം രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയിൽ നിന്ന് 15,200 പേരും ബ്രിട്ടനിൽ നിന്ന് 9500 പേരും നാടുവിടുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
യുഎഇയിലേക്കാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ കുടിയേറുന്നത്. ഇന്ത്യക്കാരായ കോടീശ്വരന്മാർക്കും യുഎഇയോടാണ് കൂടുതൽ താൽപര്യം. 6700 കോടീശ്വരന്മാരാണ് ഈ വർഷം യുഎഇയിലേക്ക് താമസം മാറുന്നത്. ആദായനികുതി ഇല്ലാത്തതും ഗോൾഡൻ വിസയും ആഡംബര ജീവിതശൈലിയുമൊക്കെയാണ് യുഎഇയോടുള്ള ആകർഷണത്തിന് പിന്നിൽ. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്, 3800 കോടീശ്വരന്മാർ അവിടേക്ക് താമസം മാറും. മൂന്നാം സ്ഥാനത്ത് 3500 കോടീശ്വരന്മാരുടെ വരവ് പ്രതീക്ഷിക്കുന്ന സിംഗപ്പൂരാണ്. നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം കാനഡയും ഓസ്ട്രേലിയയുമാണ്. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സുരക്ഷിതത്വം, സാമ്പത്തിക ഭദ്രത, നികുതിയിളവ്, കൂടുതൽ ബിസിനസ് അവസരങ്ങൾ എന്നിവയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കോടീശ്വരന്മാരുടെ കുടിയേറ്റത്തിനുള്ള പ്രധാന കാരണങ്ങൾ.