അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ലെഹിഗ് സർവകലാശാലയിൽ പഠിച്ചിരുന്ന 19 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി ആര്യൻ ആനന്ദിനെ നാട്ടിലേക്ക് മടക്കി അയക്കാൻ തീരുമാനമായി. അച്ഛന്റെ മരണം ഉൾപ്പെടെയുള്ള വ്യാജ രേഖകൾ ഹാജരാക്കിയതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. സ്കോളർഷിപ്പ് പൂർണമായി ലഭിക്കുന്നതിനായിരുന്നു ഈ തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. റെഡ്ഡിറ്റിൽ സ്വയം എഴുതിയ ഒരു കുറിപ്പാണ് ആനന്ദിന് വിനയായത്. “നുണകളുടെ മേൽ ഞാൻ കെട്ടിപ്പടുത്ത ജീവിതം” എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട റെഡ്ഡിറ്റ് മോഡറേറ്റർ വിവരം സർവകലാശാലയെ അറിയിക്കുകയായിരുന്നു.
ആര്യൻ ആനന്ദ് സർവകലാശാലയിൽ ഹാജരാക്കിയ അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തിന്റെ പ്രവേശനം റദ്ദാക്കി. സംഭവം പൊലീസ് കേസായി കോടതിയിലെത്തി. വ്യാജ രേഖകൾ നിർമ്മിച്ചതിനും തെറ്റായ സാമ്പത്തിക വിവരങ്ങൾ നൽകിയതിനും അനർഹമായ ആനുകൂല്യങ്ങൾ നേടിയതിനുമാണ് ആര്യനെതിരെ പൊലീസ് കുറ്റം ചുമത്തിയത്. ജൂൺ 12-ന് നടന്ന വിചാരണയിൽ ആനന്ദ് കുറ്റം സമ്മതിച്ചു. തുടർന്ന് നോർത്താംപ്റ്റൺ കൗണ്ടി കോടതി ഒന്നു മുതൽ മൂന്നു മാസം വരെ തടവും 85,000 ഡോളർ (ഏകദേശം 70 ലക്ഷം രൂപ) പിഴയും വിധിച്ചു.
ഏപ്രിൽ 30-നാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. റെഡ്ഡിറ്റിൽ തന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹം വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട റെഡ്ഡിറ്റ് മോഡറേറ്റർ ആനന്ദിന്റെ പ്രൊഫൈൽ പരിശോധിച്ചു. ലെഹിഗ് സർവകലാശാലയെ മാത്രം പിന്തുടർന്നിരുന്ന ആനന്ദിന്റെ പ്രൊഫൈലിലെ വിവരങ്ങളും പോസ്റ്റും വായിച്ച മോഡറേറ്റർ വിവരം സർവകലാശാലയെ അറിയിക്കുകയായിരുന്നു. ഈ നടപടി മാതൃകാപരമാണെന്ന് കോടതിയും അന്വേഷണ സംഘവും അഭിപ്രായപ്പെട്ടു, മോഡറേറ്ററെ അഭിനന്ദിക്കുകയും ചെയ്തു.