ടി20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലില് ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 171 റണ്സ് നേടി. ഇംഗ്ലണ്ടിന് 172 റണ്സാണ് വിജയലക്ഷ്യം.
ഇന്ത്യന് ബാറ്റിങ് നിരയില് രോഹിത് ശര്മ്മ, സൂര്യകുമാര് യാദവ്, ഹര്ദിക് പാണ്ഡ്യ എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രോഹിത് ശര്മ്മ 39 പന്തില് 57 റണ്സ് നേടി. ആറ് ഫോറും രണ്ട് സിക്സും അദ്ദേഹത്തിന്റെ ഇന്നിങ്സില് ഉള്പ്പെട്ടിരുന്നു. സൂര്യകുമാര് യാദവ് 36 പന്തില് 47 റണ്സ് നേടി. നാല് ഫോറും രണ്ട് സിക്സും അദ്ദേഹം അടിച്ചു. ഹര്ദിക് പാണ്ഡ്യ 13 പന്തില് 23 റണ്സ് നേടി. രണ്ട് സിക്സും ഒരു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്സില് ഉണ്ടായിരുന്നു.
എന്നാല് വിരാട് കോലി, ഋഷഭ് പന്ത്, ശിവം ദുബെ എന്നിവര് നിരാശപ്പെടുത്തി. കോലി ഒമ്പത് പന്തില് ഒമ്പത് റണ്സ് മാത്രമാണ് നേടിയത്. പന്ത് ആറ് പന്തില് നാല് റണ്സും ദുബെ ആദ്യ പന്തില് തന്നെ പുറത്തായി. രവീന്ദ്ര ജഡേജ ഒമ്പത് പന്തില് 17 റണ്സ് നേടി പുറത്താകാതെ നിന്നു.
ഇംഗ്ലീഷ് ബൗളിങ് നിരയില് ക്രിസ് ജോര്ദാന് മൂന്ന് വിക്കറ്റ് നേടി. റീസ് ടോപ്ലെ, ജോഫ്ര ആര്ച്ചര്, സാം കറന്, ആദില് റഷീദ് എന്നിവര് ഓരോ വിക്കറ്റ് വീതം നേടി. മഴ കാരണം നിര്ത്തിവെച്ച മത്സരം വൈകിയാണ് പുനരാരംഭിച്ചത്.