മക്കിമലയിലെ കുഴിബോംബ്: മാവോയിസ്റ്റുകളുടെ സൃഷ്ടിയെന്ന് പൊലീസ് എഫ്‌ഐആർ

Anjana

മക്കിമല കോടക്കാട്ടിൽ കണ്ടെത്തിയ കുഴിബോംബ് മാവോയിസ്റ്റുകളുടെ സൃഷ്ടിയാണെന്ന് പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. റോന്തു ചുറ്റുന്ന തണ്ടർബോൾട്ട് സേനാംഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ ബോംബ് സ്ഥാപിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്ഫോടക വസ്തുക്കൾക്കു സമീപത്തുനിന്ന് മാവോയിസ്റ്റ് പോസ്റ്ററുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎപിഎ നിയമപ്രകാരമാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

എട്ട് ജെലറ്റിൻ സ്റ്റിക്കുകൾ, നാല് ഡെറ്റണേറ്ററുകൾ, സ്ഫോടക വസ്തുക്കൾ നിറച്ച സ്റ്റീൽ കണ്ടെയ്നർ എന്നിവ പരസ്പരം ബന്ധിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സൺ 90 എന്ന പേരിലുള്ള ജെലറ്റിൻ സ്റ്റിക്കുകളാണ് ഉപയോഗിച്ചിരുന്നത്. സ്ഫോടനത്തിനായി തയ്യാറാക്കിയ വെള്ളാരം കല്ലുകൾ, ആണികൾ, നട്ടുകൾ, ബോൾട്ടുകൾ തുടങ്ങിയവയും പ്രദേശത്തുനിന്ന് കണ്ടെടുത്തു. ഇവയ്ക്കു സമീപം മാവോയിസ്റ്റ് അനുകൂല പോസ്റ്റർ അവശിഷ്ടങ്ങളും കണ്ടെത്തിയതായി എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറളം മുതൽ തിരുനെല്ലി വരെ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലാണ് മാവോയിസ്റ്റ് കബനി ദളത്തിന്റെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. സംഘത്തിലെ സി.പി. മൊയ്തീൻ ബോംബ് നിർമാണത്തിൽ പരിശീലനം നേടിയ വ്യക്തിയാണ്. ബോംബ് നിർമാണത്തിനിടെ മൊയ്തീന്റെ ഒരു കൈപ്പത്തി തകർന്നിരുന്നു. 2014-ൽ ബോംബ് നിർമിക്കുന്നതിനിടെ മാവോയിസ്റ്റ് ഷിനോജ് കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് കവിത ആറളം അയ്യൻകുന്നിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. “രക്തംകൊണ്ട് രക്തകടം വീട്ടും” എന്നായിരുന്നു മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്. ഇവരുടെ ശക്തിപ്രകടനമാകാം ബോംബ് സ്ഥാപിക്കലിലൂടെ നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.