യൂറോ കപ്പ് പ്രീക്വാർട്ടർ: അഗ്നിപരീക്ഷകൾക്ക് തുടക്കം

Anjana

യൂറോ കപ്പിലെ അഗ്നിപരീക്ഷകൾ ഇനി തുടങ്ങുകയാണ്. പരാജയപ്പെട്ടാൽ പുറത്താകുക എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്ന അവസാന പതിനാറ് ടീമുകളുടെ പോരാട്ടങ്ങൾ 29-ന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടം വിജയകരമായി പിന്നിട്ട ശക്തരായ 16 രാജ്യങ്ങൾ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും. വിജയിക്കുന്നവർക്ക് ക്വാർട്ടർ ഫൈനലിലേക്കുള്ള പ്രവേശനം ലഭിക്കും. സ്പെയിൻ, ജർമ്മനി, ഇംഗ്ലണ്ട്, ഇറ്റലി, പോർച്ചുഗൽ, നെതർലാൻഡ്സ്, ഫ്രാൻസ്, ബെൽജിയം, ഡെൻമാർക്ക്, തുർക്കി തുടങ്ങിയ പരിചിത ടീമുകൾക്ക് പുറമേ ജോർജിയ, സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ, റൊമാനിയ, ഓസ്ട്രിയ, സ്ലോവാക്യ എന്നീ ടീമുകളും പ്രീക്വാർട്ടർ വേദിയിൽ പരസ്പരം ഏറ്റുമുട്ടും. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30-ന് സ്വിറ്റ്സർലാൻഡും ഇറ്റലിയും തമ്മിലുള്ള മത്സരത്തോടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കമാകും. നെതർലാൻഡ്സ്, ജോർജിയ, സ്ലോവാക്യ, സ്ലോവേനിയ എന്നീ ടീമുകൾ മികച്ച നാല് മൂന്നാം സ്ഥാനക്കാർ എന്ന നിലയിൽ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയവരാണ്. യൂറോയിലെത്തിയ പ്രമുഖ ടീമുകളിൽ ക്രൊയേഷ്യയും ചെക്ക് റിപ്പബ്ലിക്കുമാണ് പ്രീക്വാർട്ടറിൽ എത്താതെ പുറത്തായത്. ഇറ്റലിക്കെതിരായ നിർണായക മത്സരത്തിലെ പരാജയമാണ് ക്രൊയേഷ്യയെ പുറത്താക്കിയത്. തുർക്കിക്കെതിരായ മത്സരമായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്റെ വിധി നിർണയിച്ചത്.