കളക്ടറുടെ നിർദേശം അവഗണിച്ച് പത്തനംതിട്ടയിൽ ട്യൂഷൻ സെന്റർ തുറന്നു

Anjana

കളക്ടറുടെ നിർദേശം അവഗണിച്ച് പത്തനംതിട്ട മൈലപ്രയിൽ ട്യൂഷൻ സെന്റർ തുറന്ന് ക്ലാസ്സുകൾ നടത്തി. ശക്തമായ മഴ കാരണം സംസ്ഥാനത്തെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ചാണ് ട്യൂഷൻ സെന്റർ പ്രവർത്തിച്ചത്. ഇതറിഞ്ഞ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ലെന്നാണ് അധ്യാപകരുടെ വാദം. ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം അറിഞ്ഞതിനെ തുടർന്നാണ് കളക്ടർ മുന്നറിയിപ്പ് നൽകിയത്. നിർദേശം ലംഘിച്ചാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഈ മുന്നറിയിപ്പ് അവഗണിച്ചാണ് പത്തനംതിട്ട മൈലപ്രയിൽ ട്യൂഷൻ ക്ലാസ് നടത്തിയത്.