കൊല്ലം◾: രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമുള്ള പരാതിയിലാണ് കേസ്. ക്രൈംബ്രാഞ്ചാണ് ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ ഫെനി നൈനാനെതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ ഈ കേസും അന്വേഷിക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ ബലാത്സംഗ കേസാണിത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സണ്ണി ജോസഫിന് ഇ-മെയിൽ മുഖാന്തരം ലഭിച്ച പരാതി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ഇത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ബെംഗളൂരുവിൽ പഠിക്കുന്ന 23കാരിയാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയത്. യുവതിയെ കേരളത്തിലെ ആളൊഴിഞ്ഞ റിസോർട്ടിൽ എത്തിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഫെനി നൈനാനാണ് തന്നെ കാറിൽ റിസോർട്ടിൽ എത്തിച്ചതെന്നും യുവതിയുടെ പരാതിയിലുണ്ട്.
കേസിൽ ഫെനി നൈനാനും പ്രതിയാകും. നിലവിൽ ഫെനി തദ്ദേശ തിരഞ്ഞെടുപ്പിൽ അടൂരിൽ സ്ഥാനാർഥിയായി മത്സരിക്കുകയാണ്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്കാണ് ആദ്യം യുവതി പരാതി നൽകിയിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് പെൺകുട്ടികളെ ഉപയോഗിക്കുന്ന വേട്ടക്കാരനാണ് രാഹുൽ എന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗ ഭ്രൂണഹത്യ കേസാണ് രാഹുലിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ്.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ നാളെയും വാദം തുടരും. ബലാത്സംഗത്തിനും ഗർഭഛിദ്രത്തിനും രാഹുലിനെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ലൈംഗികപീഡന- ഭ്രൂണഹത്യാ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
Story Highlights : Police register case against Rahul Mamkootathil based on new complaint



















