രാഹുലിന്റെ കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ജെബി മേത്തർ എം.പി. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഉചിതമായ സമയത്ത് തീരുമാനം അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് എപ്പോഴും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും രാഹുലിന് സംരക്ഷണം നൽകാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ജെബി മേത്തർ വ്യക്തമാക്കി.
തീവ്രത അളക്കാൻ കോൺഗ്രസ് ഇതുവരെ ശ്രമിച്ചിട്ടില്ല. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് തന്നെ ഉണ്ടാകും. എന്നാൽ, “ഈ സമയം, ഈ സെക്കൻഡ്” എന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് തന്നെയാകും ഈ വിഷയത്തിൽ തീരുമാനമെടുത്ത് പറയുകയെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
ബി.ജെ.പി.-സി.പി.എം. അന്തർധാര യാഥാർഥ്യമാണെന്ന ആരോപണവുമായി ജെബി മേത്തർ എം.പി രംഗത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും അവർ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ ജോൺ ബ്രിട്ടാസ് പാലമായി പ്രവർത്തിച്ചുവെന്നും ജെബി മേത്തർ ആരോപിച്ചു.
പി.എം. ശ്രീയെ എതിർക്കുന്നു എന്നത് സി.പി.ഐ.എം. കണ്ണിൽ പൊടിയിടാൻ വേണ്ടി പറയുന്നതാണെന്നും ജെബി മേത്തർ ആരോപിച്ചു. പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം.പി.യാണെന്ന് ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജെബി മേത്തർ വിമർശനവുമായി രംഗത്തെത്തിയത്.
സി.പി.ഐ.ക്ക് ഇക്കാര്യത്തിൽ ഇനി കാര്യങ്ങൾ വ്യക്തമാക്കാമെന്നും സി.പി.ഐ.എം. അവരെ വഞ്ചിക്കുന്ന വല്യേട്ടനാണെന്നും ജെബി മേത്തർ പറഞ്ഞു. മന്ത്രിസഭ ഉപസമിതി ഇനിയും ചേർന്നിട്ടില്ലെന്നും അതിനാൽത്തന്നെ ഇതിന് അത്രയേ പ്രാധാന്യമുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രിയുടെ വാക്കുകൾ ഓൺ റെക്കോർഡ് ആണെന്നും ബ്രിട്ടാസിൻ്റെ വാദം മറിച്ചാണെങ്കിൽ മന്ത്രി വ്യക്തമാക്കട്ടെയെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവന അദ്ദേഹം തിരുത്താൻ തയ്യാറാകണമെന്നും അല്ലെങ്കിൽ അത് ബിജെപി-സിപിഎം ബന്ധം ശരിവയ്ക്കുന്ന പ്രസ്താവനയായി കണക്കാക്കാമെന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സി.പി.ഐ.എമ്മിന്റെ പ്രതികരണം എന്തായിരിക്കുമെന്നും ഉറ്റുനോക്കുകയാണ്.
Story Highlights : Jebi mather about rahul mamkoottathil suspension



















