മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രമല്ല, ടയർ -2, ടയർ -3 മേഖലകളിലും ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എംജി മോട്ടോഴ്സ് വിപണിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 13 മാസത്തിനുള്ളിൽ 50,000 വിൻഡ്സർ ഇവികൾ നിരത്തുകളിലിറക്കി എംജി മോട്ടോഴ്സ് തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്.
വിപണിയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് എംജി മോട്ടോഴ്സിൻ്റെ വിൻഡ്സർ ഇവി. 2024 സെപ്റ്റംബറിലാണ് വിൻഡ്സർ ഇവി എംജി പുറത്തിറക്കിയത്. ഇന്ത്യയിലെ ആദ്യ ഇന്റലിജെന്റ് സിയുവി എന്ന വിശേഷണത്തോടെയാണ് ഈ വാഹനം വിപണിയിലെത്തിയത്. വിൽപനയ്ക്കെത്തിയ നാൾ മുതൽ ഇവി വിപണിയിൽ വിൻഡ്സർ തൻ്റേതായ ഒരിടം കണ്ടെത്തി.
എംജിയുടെ വാഹനവ്യൂഹത്തിൽ അഞ്ച് ഇലക്ട്രിക് മോഡലുകൾ വില്പനയ്ക്ക് ലഭ്യമാണെങ്കിലും, വിൻഡ്സർ ഇവിക്ക് വിപണിയിൽ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ഫോർ വീലർ ഇലക്ട്രിക് വാഹനമായി വിൻഡ്സർ ഇവി മാറിയിരിക്കുന്നു.
വിൻഡ്സർ ഇവി സ്വന്തമാക്കാൻ 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കൾക്ക് മുടക്കേണ്ടി വരുന്നത്. മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ ലഭ്യമാകുന്നത്. 13,99,800 രൂപ വിലയുള്ള എക്സൈറ്റ്, 14,99,800 രൂപ വിലയുള്ള എക്സ്ക്ലുസീവ്, 15,99,800 രൂപ വിലയുള്ള എസ്സെൻസ് എന്നിവയാണ് വിപണിയിൽ ലഭ്യമായ മോഡലുകൾ.
ബാറ്ററി വാടകയ്ക്കെടുക്കുന്ന BaaS (Battery as a Service) സംവിധാനം തിരഞ്ഞെടുക്കുകയാണെങ്കിൽ, 9.99 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കാൻ സാധിക്കും. എന്നാൽ, കിലോമീറ്ററിന് 3.50 രൂപ നിരക്കിൽ കമ്പനി നിശ്ചയിച്ചിട്ടുള്ള വാടക നൽകേണ്ടിവരും.
ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഇതിലുള്ളതുകൊണ്ട് 45kW DC ചാർജർ ഉപയോഗിച്ച് 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് എന്നിവ ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. കൂടാതെ സിംഗിൾ ചാർജിൽ 332 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
Story Highlights: എംജി മോട്ടോഴ്സ് 13 മാസത്തിനുള്ളിൽ 50,000 വിൻഡ്സർ ഇവികൾ വിറ്റഴിച്ചു നാഴികക്കല്ല് പിന്നിട്ടു.



















