ഡൽഹി◾: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ ഭീകരൻ ഡോ. ഉമർ മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും പുറത്തുവരുന്നത്. അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്.
പുൽവാമ കോലി സ്വദേശിയായ ഉമർ മുഹമ്മദ് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. കഴിഞ്ഞ ദിവസം റെയ്ഡ് സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് ഉമർ ഫരീദാബാദിൽ നിന്നും രക്ഷപ്പെട്ടെന്നാണ് സൂചന. ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് ഇയാൾ എംബിബിഎസ് പൂർത്തിയാക്കിയത്.
ഉമർ മുഹമ്മദിന്റെ സഹോദരനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായി സൂചനയുണ്ട്. ഇതുൾപ്പെടെ ഏഴ് പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.
ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമിലുമായും ഡോ. ആദിലുമായും ഉമറിന് ബന്ധമുണ്ടെന്നാണ് വിവരം. അന്വേഷണ ഏജൻസികൾ ഈ സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, ഡോക്ടർമാർ പിടിയിലായതിന്റെ പരിഭ്രാന്തിയിൽ ഉമർ മുഹമ്മദ് പെട്ടെന്ന് ആസൂത്രണം ചെയ്ത ചാവേർ സ്ഫോടനമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഉമർ മുഹമ്മദിന്റെ ചിത്രം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ മാസം ആമിറിന്റെ പേരിൽ വാങ്ങിയ കാറിന് മുഴുവൻ പണവും നൽകിയത് ഉമർ മുഹമ്മദാണ്. താരിഖ് എന്നൊരാളിൽ നിന്നാണ് ഉമർ കാർ വാങ്ങിയതെന്നും സൂചനയുണ്ട്. കറുത്ത മാസ്കിട്ടൊരാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കാർ ഓടിച്ചിരുന്നത് ഉമർ ആണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ആദ്യ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ട് ലഭിക്കുന്നതോടെ, കണ്ടെടുത്ത വസ്തുക്കളുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ച് വ്യക്തത വരും. ഫരീദാബാദിൽ നിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കളെക്കുറിച്ച് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഫരീദാബാദ് ക്രൈം ബ്രാഞ്ചിൽ നിന്നും ജമ്മു കശ്മീർ പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്.
അതേസമയം, ഇന്നലെ വൈകീട്ട് ഉണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ആറ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം അൽപസമയത്തിനകം ചേരുകയാണ്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കും.
Story Highlights: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ ഭീകരൻ ഡോ. ഉമർ മുഹമ്മദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.



















