തെറ്റായ മരണവാർത്തകൾക്കെതിരെ പ്രതികരിച്ച് ധർമ്മേന്ദ്രയുടെ കുടുംബം
ബോളിവുഡ് നടൻ ധർമ്മേന്ദ്ര മരിച്ചെന്ന തരത്തിലുള്ള തെറ്റായ വാർത്തകൾക്കെതിരെ അദ്ദേഹത്തിൻ്റെ ഭാര്യ ഹേമ മാലിനിയും മകൾ ഇഷ ഡിയോളും രംഗത്ത്. നടൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചത്. കുടുംബാംഗങ്ങൾ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഹേമ മാലിനി തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരണമറിയിച്ചത്. ചികിത്സയോട് പ്രതികരിക്കുന്ന ഒരാളെക്കുറിച്ച് എങ്ങനെ ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയുമെന്നും ഇത് അങ്ങേയറ്റം നിരുത്തരവാദപരവും അനാദരവുമാണെന്നും അവർ കുറിച്ചു. കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് മതിയായ ബഹുമാനം നൽകണമെന്നും അവർ അഭ്യർത്ഥിച്ചു.
അതേസമയം, ധർമ്മേന്ദ്രയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും മകൾ ഇഷ ഡിയോൾ എക്സിൽ കുറിച്ചു. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പിതാവിൻ്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ഇഷ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
What is happening is unforgivable! How can responsible channels spread false news about a person who is responding to treatment and is recovering? This is being extremely disrespectful and irresponsible. Please give due respect to the family and its need for privacy.
— Hema Malini (@dreamgirlhema) November 11, 2025
ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ധർമ്മേന്ദ്ര ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നുള്ള വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
ധർമ്മേന്ദ്രയുടെ സിനിമാ ജീവിതം ഏറെ ശ്രദ്ധേയമാണ്. ‘ഷോലെ’, ‘ധരം വീർ’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേൾ’ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായി. ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷത്തിലെത്തിയ ‘തേരി ബാത്തോം മേം ഐസ ഉൽജാ ജിയ’ എന്ന ചിത്രത്തിലാണ് ധർമ്മേന്ദ്ര അവസാനമായി അഭിനയിച്ചത്.
ധർമ്മേന്ദ്രയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വേദനാജനകമാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കുടുംബം മാധ്യമങ്ങളോട് അഭ്യർഥിച്ചു.
Story Highlights: Hema Malini and Esha Deol Deny Death Rumors of Dharmendra, request privacy.



















