സംഗീത ലോകത്ത് തരംഗം തീർക്കുന്ന കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് ഇന്ത്യയിലേക്ക്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടിയ ഈ ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്കുള്ള വരവ്. അതേസമയം, ബാൻഡിലെ പ്രധാന ഗായകനായ ജങ്കൂക്കിന്റെ ആദ്യ സോളോ ആൽബമായ ‘GOLDEN’-നെ അടിസ്ഥാനമാക്കിയുള്ള ‘GOLDEN: The Moments’ എന്ന പ്രത്യേക ആഗോള പ്രദർശനം ആദ്യമായി ഇന്ത്യയിൽ എത്തുന്നത് ആരാധകർക്ക് ഏറെ ആവേശം നൽകുന്നു.
ബിടിഎസ് ബാൻഡിലെ ഏഴ് അംഗങ്ങളായ ജങ് കുക്ക്, വി, ജിമിൻ, സുഗ, ജിൻ, ജെ-ഹോപ്പ്, ആർ.എം എന്നിവർ തങ്ങളുടെ പാട്ടുകളിലൂടെ പങ്കുവെക്കുന്ന ആശയങ്ങൾ എന്നും ശ്രദ്ധേയമാണ്. ഓരോ ആർമിയുടെയും ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ബിടിഎസ് ടീമിനെ നേരിൽ കാണുക എന്നത്. ഹൈബിന്റെ പുതിയ ഓഫീസ് മുംബൈയിൽ ആരംഭിച്ചതോടെ ബിടിഎസ് ഇന്ത്യയിൽ എത്തുമെന്നുള്ള പ്രതീക്ഷകൾ വർധിച്ചു.
വേൾഡ് ടൂറിന്റെ ഭാഗമായി ബിടിഎസ് അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്നാണ് അറിയുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ഇതിന് മുന്നോടിയായി ജങ്കൂക്കിന്റെ സോളോ ആൽബം ‘GOLDEN’-നെ അടിസ്ഥാനമാക്കിയുള്ള ആഗോള പ്രദർശനം ഇന്ത്യയിൽ എത്തുന്നത് ശ്രദ്ധേയമാണ്.
പ്രദർശനം 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 11 വരെ മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോസിൽ നടക്കും. സൗത്ത് കൊറിയൻ എന്റർടെയ്ൻമെന്റ് കമ്പനിയായ ഹൈബിയുടെ ഔദ്യോഗിക പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹൈബുമായി സഹകരിച്ച് ബുക്ക് മൈ ഷോ ലൈവാണ് ഇന്ത്യയിൽ ഈ പ്രദർശനം അവതരിപ്പിക്കുന്നത്.
നവംബർ 6 ഉച്ചയ്ക്ക് 12 മണിക്ക് BookMyShow വഴി ടിക്കറ്റുകൾ വിൽപന ആരംഭിച്ചു. 1499 രൂപ മുതലാണ് ടിക്കറ്റിന്റെ വില. ടിക്കറ്റ് എടുക്കുന്നവർക്ക് ഓർമ്മയ്ക്കായി ലിമിറ്റഡ് എഡിഷൻ ഫോട്ടോ ടിക്കറ്റും ഗോൾഡൻ ടിക്കറ്റും സ്വന്തമാക്കാം.
ജങ് കുക്ക് എന്ന കെ-പോപ്പ് ഗായകനിലേക്കുള്ള വളർച്ചയുടെ നാൾവഴികൾ, ആരും പറയാത്ത കഥകൾ, അതുവരെ കാണാത്ത ചിത്രങ്ങൾ, ജങ് കുക്കിന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ വീഡിയോകൾ, സൗണ്ട് ട്രാക്കുകൾ എന്നിവയെല്ലാം പ്രദർശനത്തിന്റെ ഭാഗമായി ഉണ്ടാകും. സൗത്ത് കൊറിയയിലും ന്യൂയോർക്കിലും ഈ പ്രദർശനം ഇതിനോടകം നടത്തിക്കഴിഞ്ഞു.
ഒരു മണിക്കൂറാണ് ഈ പ്രദർശനത്തിന്റെ ദൈർഘ്യം. മിക്ക ദിവസങ്ങളിലെയും ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റുപോയിരുന്നു. വേൾഡ് ടൂറിന്റെ ഭാഗമായി ഗോൾഡൻ മൊമന്റ്സ് പ്രദർശനം ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നത് ഏറെ ആകാംഷ നൽകുന്നു.
Story Highlights: കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിലെ ജങ്കൂക്കിന്റെ സോളോ ആൽബം ‘GOLDEN’-നെ അടിസ്ഥാനമാക്കിയുള്ള ‘GOLDEN: The Moments’ എന്ന പ്രത്യേക ആഗോള പ്രദർശനം ആദ്യമായി ഇന്ത്യയിൽ എത്തുന്നു.



















