പത്തനംതിട്ട ◾: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ഇന്നലെ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന് ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ പ്രധാന പങ്കുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തി. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാതെ സ്വർണ്ണക്കൊള്ളയ്ക്ക് ബൈജു വഴി ഒരുക്കിയെന്നാണ് കണ്ടെത്തൽ. ഇതോടെ കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യതയുണ്ട്.
2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപാളികൾ കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണറായിരുന്ന കെ.എസ്. ബൈജു മനഃപൂർവം ഒഴിഞ്ഞുമാറിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. ദ്വാരപാലക പാളികൾ കടത്തിയ കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ബൈജുവിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ കെ.എസ്. ബൈജുവിനെ ഇന്ന് ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യൽ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവിൽ ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ മൂന്ന് ഉദ്യോഗസ്ഥരെ സ്വർണപാളി മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശബരിമലയിലെ സ്വർണപാളി മോഷണത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ തലത്തിൽ വലിയ ഗൂഢാലോചനയും അട്ടിമറിയും നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണപാളി കടത്താനായി ഉണ്ണികൃഷ്ണൻ പോറ്റിയെ മറ്റു ഉദ്യോഗസ്ഥർ സഹായിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളാൻ സാധ്യതയുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ എന്നിവരുടെ അറസ്റ്റും ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണ് കെ.എസ്. ബൈജുവിന്റേത്. ബൈജു കേസിൽ ഏഴാം പ്രതിയാണ്. സ്വർണപാളി കടത്തുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചതിൽ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
SIT finds KS Baiju’s role in Sabarimala gold theft
Story Highlights: ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന് ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി.



















