കേന്ദ്രം കേരളത്തെ അഭിനന്ദിച്ചു, പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന്!
വിദ്യാഭ്യാസ മേഖലയിൽ കേരള സർക്കാരിന്റെ മുന്നേറ്റത്തിന് അഭിനന്ദനവുമായി കേന്ദ്ര സർക്കാർ രംഗത്ത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ നീക്കം ഒരു പ്രധാന നാഴികക്കല്ലായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി.
സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ ഉജ്ജ്വലമായ ഭാവിക്കായി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളവും കേന്ദ്രവും ഒരുപോലെ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി പദ്ധതിയിൽ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി തടഞ്ഞുവെച്ച 1500 കോടിയുടെ എസ്.എസ്.കെ. ഫണ്ട് ഉടൻ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകി. ഇതിനെത്തുടർന്ന് സംസ്ഥാന സർക്കാർ അതിവേഗ നടപടികളുമായി മുന്നോട്ടുപോവുകയാണ്.
പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
അതേസമയം, പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ സി.പി.ഐ രംഗത്തെത്തി. സി.പി.ഐ.എമ്മിന്റെ ഈ നടപടി മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി.പി.ഐ പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം സി.പി.ഐയിൽ ശക്തമായിട്ടുണ്ട്.
സിപിഐഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം മുന്നണി ധാരണകൾക്ക് വിരുദ്ധമാണെന്ന് അവർ ആരോപിച്ചു. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ സി.പി.ഐ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.
Story Highlights : Central govt praises kerala pm shri



















