കോട്ടയം◾: കെപിസിസി പുനഃസംഘടനയിൽ അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ രംഗത്ത്. അബിൻ വർക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കളാണെന്നും അവരെ സഭ ഒരിക്കലും കൈവിടില്ലെന്നും ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലങ്കര സഭയ്ക്ക് എക്കാലത്തും കരുത്തുറ്റ നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്. സഭയിൽ നിന്നും നല്ല നേതാക്കൾ ഉയർന്ന് വന്നിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയുടെ സംഭാവന വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭ പലവിധത്തിൽ അവഗണന നേരിടുന്നുണ്ടെന്നും സഭാ അംഗങ്ങളെ തഴയാൻ ശ്രമം നടക്കുന്നുണ്ടെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. സഭാംഗങ്ങളെ ഏത് സ്ഥലത്തായാലും തഴയാം എന്നൊരു ചിന്താഗതി ചിലർക്കുണ്ട്. ചെണ്ടയുടെ പ്രത്യേകത എങ്ങനെ കൊട്ടിയാലും അതിന് ശബ്ദമുണ്ടാകും.
ശാസ്ത്രീയമായി കൊട്ടിയാൽ മനോഹരമായ ശബ്ദവും, അശാസ്ത്രീയമായി കൈകാര്യം ചെയ്താൽ വ്യത്യസ്തമായ ശബ്ദവും ഉണ്ടാകും. മലങ്കര സഭ ആർക്കും ഏത് വിധേനയും കൊട്ടാവുന്ന ചെണ്ടയല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അബിൻ വർക്കിയും ചാണ്ടി ഉമ്മനും സഭയുടെ യുവതയാണ്. അവർ ആരും മതം വെച്ച് കളിക്കാറില്ല. പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ഒരു മത തീവ്രവാദത്തിനും സഭ കൂട്ടുനിൽക്കില്ല.
ചെണ്ട കഴിവതും നല്ല സ്വരം പുറപ്പെടുവിക്കാൻ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ശബ്ദം മാറാൻ സാധ്യതയുണ്ടെന്നും ഗീവർഗീസ് മാർ യൂലിയോസ് ഓർമ്മിപ്പിച്ചു. സാമൂഹ്യ പ്രതിബദ്ധതിയോടെ പ്രവർത്തിക്കുന്നവർ എന്തും ചെയ്യാമെന്ന ധാർഷ്ട്യം കാണിക്കരുത്. സഭയ്ക്ക് നല്ല കാലത്തും നല്ല നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
story_highlight:orthodox sabha supports to abin varkey