ഇന്ത്യൻ ടെലികോം മേഖലയിൽ 5ജി സേവനങ്ങളുമായി ബിഎസ്എൻഎൽ എത്തുന്നു. റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാകും ഇത്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രഖ്യാപനത്തോടെ ബിഎസ്എൻഎൽ ഈ വർഷം ഡിസംബറിൽ തന്നെ 5ജി വ്യാപനം ആരംഭിക്കുമെന്നാണ് സൂചന.
ബിഎസ്എൻഎൽ തദ്ദേശീയമായി നിർമ്മിച്ച 4ജി ടവറുകൾ ഉപയോഗിച്ച് 5ജി നെറ്റ്വർക്കിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ഈ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ 5ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് നൽകിയിരിക്കുന്നത്.
ബിഎസ്എൻഎൽ 5ജി ആദ്യഘട്ടത്തിൽ ഡൽഹിയിലും മുംബൈയിലുമായിരിക്കും ലഭ്യമാവുക. അതിവേഗത്തിൽ 5ജിയിലേക്ക് മാറാൻ സാധിക്കുന്ന തദ്ദേശീയ 4ജി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ 4ജി വ്യാപിപ്പിച്ചതുപോലെ സമയമെടുക്കില്ലെന്നും കരുതുന്നു.
5ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ടെലികോം വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബിഎസ്എൻഎല്ലിന് സാധിക്കും. മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നതിനാൽ കൂടുതൽ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് റിലയൻസ് ജിയോയ്ക്കും, എയർടെല്ലിനും വലിയ തിരിച്ചടിയാകും.
ബിഎസ്എൻഎൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം 5ജി ടവറുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 5ജി അവതരിപ്പിച്ചാലും മറ്റ് സ്വകാര്യ കമ്പനികളുടെ അത്ര ഉയർന്ന നിരക്ക് ഈടാക്കില്ലെന്ന് ബിഎസ്എൻഎൽ ഉറപ്പ് നൽകുന്നു. കുറഞ്ഞ നിരക്കിൽ 5ജി സേവനം ലഭ്യമാക്കുന്നതിലൂടെ കൂടുതൽ വരിക്കാരെ നേടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
5ജി ടവറുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ ഇന്ത്യൻ ടെലിക്കോം വിപണിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ മറ്റു കമ്പനികൾക്ക് അവരുടെ ആനുകൂല്യങ്ങൾ കുറയ്ക്കേണ്ടിവരും.
Story Highlights: ബിഎസ്എൻഎൽ 5ജി ഡിസംബറിൽ; ജിയോയ്ക്കും എയർടെല്ലിനും കനത്ത വെല്ലുവിളിയാകും