തിരുവനന്തപുരം◾: ‘സിഎം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിന് ആദ്യ ദിനം മികച്ച പ്രതികരണം. ഉദ്ഘാടന ദിവസം 4,369 കോളുകളാണ് സെന്ററിലേക്ക് എത്തിയത്. അതേസമയം, ചിലയിടങ്ങളിൽ നിന്ന് ടോൾഫ്രീ നമ്പറായ 1800 425 6789-ൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതികളും ഉയർന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കൂടുതലും ആളുകൾ വിളിച്ചത്. ‘CM WITH ME’ എന്നത് പരാതികൾക്ക് അതിവേഗം പരിഹാരം കാണാനുള്ള സർക്കാർ സംവിധാനമാണെന്ന് കോൾ സെന്റർ ജീവനക്കാർ അറിയിച്ചു. അടിയന്തര വിഷയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ ഉടനടി ഇടപെടുന്നുണ്ടെന്നും ജീവനക്കാർ വ്യക്തമാക്കി.
ലൈഫ് പദ്ധതി, കെട്ടിട നിർമ്മാണ പെർമിറ്റുകൾ, നികുതി, സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പലരും ബന്ധപ്പെട്ടത്. ഇന്നലെ പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ 3007 കോളുകളാണ് എത്തിയത്. ഇതിൽ 2940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കാളുകളാണ്. CM WITH ME സിറ്റിസൺ കണക്ട് സെന്റർ ഹിറ്റായിരിക്കുകയാണ്.
കൂടുതൽ കോളുകളും മലയാളത്തിലായിരുന്നുവെങ്കിലും ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അന്വേഷണങ്ങൾ എത്തിയിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയുമോ, വിദ്യാരംഭം കുറിക്കാൻ മുഖ്യമന്ത്രി അനുവദിക്കുമോ തുടങ്ങിയ സംശയങ്ങളും ചിലർ ഉന്നയിച്ചു. ടോൾഫ്രീ നമ്പർ ആയ 1800 425 6789 എന്ന നമ്പറാണ് ജനങ്ങൾക്ക് വിളിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നത്.
ഒരേസമയം 10 കോളുകൾ അറ്റൻഡ് ചെയ്യാനും 30 കോളുകൾ ലൈനിൽ വെക്കാനും സാധിക്കുന്ന സംവിധാനമാണ് സെന്ററിലുള്ളത്. ആദ്യ ദിവസങ്ങളിൽ വലിയ ട്രാഫിക് ഉണ്ടാകുന്നതു കാരണമാണ് ചില ആളുകൾക്ക് വിളിച്ചാൽ കിട്ടാത്തതെന്ന് അധികൃതർ അറിയിച്ചു. BSNL ആണ് നെറ്റ്വർക്ക് പ്രൊവൈഡർ.
Story Highlights: ‘സിഎം വിത്ത് മി’ പദ്ധതിക്ക് ആദ്യ ദിനം 4,369 വിളികൾ ലഭിച്ചു.